തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് മൊഴികളില്‍ വൈരുദ്ധ്യം. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പോലീസിന് മൊഴി നല്കി. എന്നാല്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു അര്‍ജുന്റെ മൊഴി. മകള്‍ക്കൊപ്പം താന്‍ മുന്നില്‍ ഇടതു വശത്തിരിക്കുകയായിരുന്നു. വാഹനം ഓടിച്ചത് അര്‍ജുനാണെന്നും ബാലഭാസ്കര്‍ പിന്നില്‍ ഉറക്കത്തിലായിരുന്നുവെന്നും ലക്ഷ്മി മൊഴി നല്കി.
എന്നാല്‍, ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തൃശൂര്‍ മുതല്‍ കൊല്ലം വരെ താന്‍ വാഹനമോടിച്ചുവെന്നും പിന്നീട് ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നുമായിരുന്നു അര്ജുന് നേരത്തെ അന്വേഷണ സംഘത്തിന് നല്കിയ മൊഴി. ആരാണ് വാഹനമോടിച്ചതെന്ന കാര്യത്തില്‍ വിശദ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ അപകടത്തില്‍ ഇതുവരെ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം ബാലഭാസ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയാണ് ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയത്.