മത രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ടെന്ന് സര്‍ക്കുലര്‍. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കാനാണ് നിര്‍ദ്ദേശം. പരിശീലന അപേക്ഷകളില്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയതില്‍ നടപടിക്ക് ഇന്നലെ ബി സന്ധ്യ ശുപാര്‍ശ ചെയ്തിരുന്നു.
റീജണല്‍ ഫയര്‍ ഓഫിസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ശുപാര്‍ശ. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഡിജിപി ബി സന്ധ്യ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ഫയര്‍ഫോഴ്സ് പരിശീലനം.
ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഡെമോ അരങ്ങേറിയത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ ആയിരുന്നു പരിപാടി. അപകടത്തില്‍ നിന്നും എങ്ങനെ ആളുകളെ രക്ഷിക്കാം, നല്‍കേണ്ട പ്രാഥമിക ശ്രുശൂഷകള്‍, ഉപകരണം ഉപയോഗിക്കേണ്ട വിധം എന്നിവയായിരുന്നു അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയത്.
പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയാണെന്നാണ് ഫയര്‍ഫോഴ്സ് മേധാവിയുടെ കണ്ടെത്തല്‍. ജില്ലാ ഫയര്‍ ഓഫിസര്‍ക്കെതിരെയും ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ അപേക്ഷയില്‍ റീജണല്‍ മേഖലയില്‍ തീരുമാനമെടുത്തെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. പൊതുസമൂഹത്തിന്റെ മുന്നില്‍ പോപ്പുലര്‍ ഫ്രണ്ടും അഗ്നിശമന സേനയും തമ്മില്‍ ബന്ധമുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് ഡിജിപി റിപ്പോര്‍ട്ടിലൂടെ വിശദീകരിക്കുന്നത്. എന്നാല്‍ കൃത്യവിലോപമോ ചട്ടലംഘനമോ നടന്നിട്ടില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.
ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തിയിരുന്നു. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
പരിശീലനത്തിന് അനുമതി ആവശ്യപ്പെട്ട് ജില്ലാഫയര്‍ ഓഫിസറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെങ്കിലും അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ റീജണല്‍ ഫയര്‍ ഓഫിസറെ സമീപിച്ച് അനുമതി വാങ്ങുകയായിരുന്നു.