സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എംഎം മണി. ഇപ്പോള്‍ കുറ്റി പറിക്കലാണ് കോണ്‍ഗ്രസിന്റെ പണി. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കുറ്റി പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ ലൈന്‍ കല്ലിടല്‍ തുടരുന്നതിനിടെയാണ് എംഎം മണിയുടെ പ്രതികരണം.
അതേസമയം എറണാകുളം മാമലയില്‍ സില്‍വര്‍ലൈന്‍ സാറ്റലൈറ്റ് സര്‍വേ ആരംഭിക്കാനായി ഉദ്യോഗസ്ഥരെത്തിയിരുന്നു. എന്നാല്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സില്‍വര്‍ ലൈന്‍. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ അപമാനമായി കാണരുത്. പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല.
ഹൈ സ്പീഡ് റെയില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്നു വച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയല്‍സ് ഇല്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.