സംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അവരുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ആസ്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെ ബി മേത്തറാണ്. ഏറ്റവും കുറവ് സ്വത്തുള്ളത് സിപിഐഎം സ്ഥാനാര്‍ത്ഥി എഎ റഹീമിനാണ്.
11.14 കോടിയുടെ സ്വത്താണ് 42 വര്‍ഷത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നുള്ള വനിതാ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ ജെബി മേത്തര്‍ക്കുള്ളത്. 11.14 കോടിയുടെ കാര്‍ഷിക കാര്‍ഷികേതര ഭൂസ്വത്തുക്കളുണ്ടെന്നാണ് ജെബി മേത്തര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. 46.16 ലക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ബാധ്യത. ഒരുകേസു പോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ജെബിയുടെ ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ടെന്ന് രേഖകള്‍ വിശദമാക്കുന്നു. 1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായി ജെബി മേത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ് ഇവര്‍.
സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി എഎ റഹീം. റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളത്. എന്നാല്‍ 37 ക്രിമിനല്‍ കേസുകളാണ് സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി എഎ റഹീമിനെതിരെയുള്ളത്. എസ്എഫ്ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന് ചെയര്മാന് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. 41കാരനായ എഎ റഹീം എംഎ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ നേതാവാണ്.
സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന്റെ കൈവശം 10,000 രൂപയും 10 ലക്ഷം രൂപ വിലവരുന്ന കൃഷി ഭൂമിയും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷി ഭൂമിയുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്റ് ഭൂമിയും വീടുമുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുണ്ടെന്നുമാണ് കണക്കുകള്‍ വിശദമാക്കുന്നത്. എഐവൈഎഫ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറായ സന്തോഷ് കുമാര്‍ നിലവില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.