ഛത്തീസ്ഗഡിലെ ഗാരിയബന്ദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മരണം. ജോബ ഗ്രാമത്തിന് സമീപം ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ട്രാക്ടര്‍ ട്രോളിയിലുണ്ടായിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
മജ്രകട്ട ഗ്രാമത്തിലെ നിവാസികള്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടര്‍ ട്രോളി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ട്രോളി പൂര്‍ണമായി തകര്‍ന്നു. ജെസിബി എത്തിച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് ഗരിയാബന്ദ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിശ്വദീപ് യാദവ് പറഞ്ഞു.
പരുക്കേറ്റ 14 പേരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. മറ്റ് മൂന്ന് പേര് ഗരിയബന്ദിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും ജില്ലാ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്കാന് മുഖ്യമന്ത്രി ബാഗേല്‍ ജില്ലാ ഭരണ കൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.