കൊച്ചി: എറണാകുളം റൂറൽ ജില്ലാ പൊലീസ് ഓഫീസ് മന്ദിരം ആലുവയിൽതന്നെ. ജില്ലാ പോലീസ് ആസ്ഥാനത്തിനടുത്തു തന്നെയാണ് പുതിയ ആസ്ഥാന മന്ദിരവും പണിതുയർത്തുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തിനൊപ്പം ജില്ലാ ട്രയ്നിംഗ് സെന്ററും ഇവിടെയുണ്ട്. ജില്ലയിലെ മുഴുവൻ സ്പെഷൽ യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കും. മുപ്പത്തിയാറായിരത്തോളം സ്ക്വയർ ഫീറ്റിൽ അഞ്ചു നിലകളിലായാണ് അത്യന്താധുനിക സൗകര്യങ്ങളുളള പോലീസ് ആസ്ഥാന മന്ദിരം ഉയരുന്നത്.
പുതിയ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് നിർവ്വഹിച്ചു. അഡീഷണൽ എസ്.പി കെ.ലാൽജി, ഡി.വൈ.എസ്.പിമാരായ ആർ.റാഫി, വി.രാജീവ്, റെജി പി. എബ്രഹാം, സക്കറിയ മാത്യു ജില്ലയിലെ മറ്റ് പോലിസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മൂന്നു വർഷം കൊണ്ട് പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
നേരത്തെ ആസ്ഥാനം മൂവാറ്റുപുഴക്ക് മാറ്റുവാൻ തീരുമാനിച്ചിരുന്നു. നിർമ്മാണത്തിന്റെ അനുബന്ധജോലികൾക്കായി സർക്കാർ പണവും അനുവദിച്ചിരുന്നു. സർക്കാർ തീരുമാനം വന്നെങ്കിലും ഐപിഎസ് ലോബിയുടെ ഇടപെടലോടെ ആലുവയിൽ തന്നെതുടരാൻ തീരുമാനിക്കുകയായിരുന്നു.