മൂവാറ്റുപുഴ: 2022-23 സംസ്ഥാന ബഡ്ജറ്റ് 6 ബൈപ്പാസുകൾ നിർമ്മിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനും തുക വകയിരുത്തിയ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ സ്ഥലമേറ്റെടുപ്പിന് മുൻഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേരളത്തിലെ തന്നെ ഏറ്റവും വാഹന സാന്ദ്രത ഉള്ള നിലവിലെ കൊച്ചി-തേനി എൻ.എച്ച്.85 ൽ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾ നിർമിക്കുന്നതിനു 30 വർഷങ്ങൾക്കു മുമ്പ് പദ്ധതി പ്രഖ്യാപിച്ച് എൻഎച്ച് വിഭാഗം 30 മീറ്റർ അലൈൻമെൻറ് ഫിക്സ് ചെയ്തു അതിർത്തി കല്ലുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. ഇതിൽ മൂവാറ്റുപുഴ ബൈപ്പാസ് 4 കി.മി.യും കോതമംഗലം ബൈപ്പാസ് 3.5 കി.മി.യും ദൂരം മാത്രമാണുള്ളത്.
കേന്ദ്ര സർക്കാരിൻറെ പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനങ്ങൾ ഭൂമി ഏറ്റെടുത്ത് നൽകാൻ തയാറാകാത്ത പദ്ധതികൾ റദ്ദാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനം എടുക്കുന്നു എന്നിരിക്കെ, പ്രഖ്യാപിച്ചതും എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് നൽകാത്തതുമായ പദ്ധതികൾ ഉപേക്ഷിക്കാൻ സാധ്യതയേറെയാണെന്ന് എംപി പറഞ്ഞു. പുതിയ ഇ.പി.സി (എൻജിനീയറിങ്, സംഭരണം, നിർമ്മാണം) പ്രകാരം പദ്ധതി തുടങ്ങണമെങ്കിൽ 90% ഭൂമി ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. ഈ രണ്ടു പദ്ധതികൾ എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടി എം.പി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെ കാണുകയും ഈ ബൈപാസ്സുകളുടെ നിർമാണം അത്യാന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുത്തുകയും തുടർന്ന് ഈ പദ്ധതികൾ സ്റ്റാൻഡ് എലോണായി പരിഗണിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിൽ സ്റ്റാൻഡ് എലോൺ ബൈപ്പാസുകളുടെ മുഴുവൻ നിർമ്മാണ ചിലവും ഭൂമി ഏറ്റെടുക്കലിൻറെ 50% തുകയും കേന്ദ്രസർക്കാർ വഹിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കേന്ദ്ര സർക്കാരിൻറെ ഭാരതമാല പ്രോജക്ടിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നിർദ്ദിഷ്ട കൊച്ചി-തേനി ഗ്രീൻഫീൽഡ് കോറിഡോർ യാഥാർത്യമായാൽ നിലവിലെ എൻ.എച്ച് 85 സംസ്ഥാന പാതയായി മാറുമെന്നും തുടർന്ന് ഈ പാത ആധുനിക നിലവാരത്തിൽ നിലനിർത്തേണ്ടതും പരിപാലിക്കേണ്ടതും ഈ ബൈപ്പാസ് നിർമ്മാണവും സംസ്ഥാന സർക്കാരിൻറെ ചുമതലയായിമാറുമെന്നും സംസ്ഥാന സർക്കാരിന് അത് വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നും എം.പി. പറഞ്ഞു. അതുകൊണ്ട് ബൈപ്പാസുകളുടെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഇക്കാര്യത്തിൽ അലംഭാവം വെടിഞ്ഞ് സംസ്ഥാന സർക്കാർ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക് സ്ഥലമെടുപ്പിന് തുക വകയിരുത്തണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്ത് നൽകി.