ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി-20യിലും ഇന്ത്യക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 147 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടു വച്ചപ്പോള്‍ 16.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഫിനിഷ് ലൈന്‍ കടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.
തുടര്‍ച്ചയായ മൂന്നാം ട്വന്റി-20യിലും ഫിഫ്റ്റിയടിച്ച (73 നോട്ടൗട്ട്) ശ്രേയാസ് അയ്യര്‍ ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ (22 നോട്ടൗട്ട്), ദീപക് ഹൂഡ (21), സഞ്ജു സാംസണ് (18) എന്നിവരും ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായക പങ്കുവഹിച്ചു. ശ്രീലങ്കക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യ പുതിയ ഓപ്പണിംഗ് ജോഡിയെയാണ് ഇന്ന് പരീക്ഷിച്ചത്. മലയാളി താരം സഞ്ജു സാംസണ് രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിതിനെ (5) നഷ്ടമായി. മൂന്നാം നമ്പറിലെത്തിയ ശ്രേയാസ് അയ്യര്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്നു. സഞ്ജുവും താളം കണ്ടെത്തിയതോടെ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 45 റണ്‍സ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സഞ്ജു മടങ്ങി. സഞ്ജുവിനെ ചമിക കരുണരത്നെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് ഛണ്ഡിമല്‍ പിടികൂടി.
നാലാം നമ്പറിലിറങ്ങിയ ദീപക് ഹൂഡ ചില മികച്ച ഷോട്ടുകളിലൂടെ ശ്രേയാസിനു പിന്തുണ നല്കി. ഇതിനിടെ 29 പന്തുകളില്‍ ശ്രേയാസ് ഫിഫ്റ്റി തികച്ചു. 21 റണ്‍സെടുത്ത് ഹൂഡ പുറത്തായി. ഹൂഡയെ ലഹിരു കുമാര ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. വെങ്കടേഷ് അയ്യരും (5) വേഗം മടങ്ങി. വെങ്കടേഷിനെ ലഹിരു കുമാരയുടെ പന്തില്‍ ജയവിക്രമ പിടികൂടി.
അഞ്ചാം വിക്കറ്റില്‍ ശ്രേയാസും ജഡേജയും ഒത്തുചേര്‍ന്നു. അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ച സഖ്യം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.