ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു. ചമ്പാവത്ത് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ഇവരുടെ വാഹനം സുഖിദാംഗ് റീത്ത സാഹിബ് റോഡിന് സമീപമുള്ള തോട്ടില്‍ വീഴുകയായിരുന്നുവെന്ന് കുമയോണ്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അറിയിച്ചു. ‘അപകടം നടന്ന സ്ഥലത്ത് ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 14 മുതല്‍ 15 വരെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നു. രക്ഷാസംഘം മറ്റുള്ളവരെ തെരയുന്നു’ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു.
12 പേര് സംഭവ സ്ഥലത്ത് തന്നെ മരച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്തരാഖണ്ഡിലെ കാക്കനായിലെ ദണ്ഡ, കതോട്ടി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.