പഞ്ചാബിലും ഉത്തര്‍ പ്രദേശിലും വോട്ടിംഗ് ആരംഭിച്ചു. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും, ഉത്തര്‍ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
പഞ്ചാബില്‍ മുഴുവന്‍ നിയമസഭാ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിജെപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികളുടെ അഭിമാന പോരാട്ടമാണ് പഞ്ചാബില്‍ നടക്കുന്നത്.
ആദ്യ ഘട്ടത്തില്‍ മടിച്ചു നിന്നിരുന്ന അകാലിദളും പ്രചാരണത്തില്‍ സജീവമായതോടെ പഞ്ചാബില്‍ ത്രികോണമത്സരമായി. ആം ആദ്മി പാര്‍ട്ടി വന്‍ വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിര്‍ത്താനുള്ളവ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.
മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ്,ബിജെപിയുമായി ചേര്‍ന്ന് പുതിയ പരീക്ഷണത്തിലാണ്. താരമണ്ഡലങ്ങള്‍, മുന്‍പെങ്ങുമില്ലാത്ത കടുത്തപോരിലൂടെയാണ് കടന്നുപോകുന്നത്. പിസിസി അധ്യക്ഷന്‍ നവജ്യോത് സിദ്ദുവും ഉപമുഖ്യമന്ത്രി ഓ പി സോണിയും എതിരാളികളില്‍ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുണ്ട്. സിദ്ധുവിനെ തോല്‍പ്പിക്കുമെന്നു അകാലിദള്‍ സ്ഥാനാര്‍ത്ഥി ബിക്രം സിങ് മജീദിയ പറഞ്ഞു.
ഉത്തര്‍ പ്രദേശ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം കര്‍ഹാലാണ്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് കര്‍ഹാല്‍. പിഎസ്പി നേതാവ് ശിവ്പാല്‍ യാദവ് വിധി തേടുന്ന ജസ്വന്ത് നഗറിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹത്രാസ്, കന്നൗജ്, ഝാന്‍സി, ഫിരോസാബാദ് എന്നീ മണ്ഡലങ്ങളും ഇന്ന് തന്നെയാണ് വോട്ടിംഗ് നടക്കുന്നത്.