എം.ജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ സര്‍വകലാശാല എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. അറസ്റ്റിലായ അസിസ്റ്റന്റ് സി.ജെ എല്‍സി മറ്റു രണ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ കൂടി തിരുത്തല്‍ വരുത്തിയതിന്റെ സൂചനകള്‍ ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശിപാര്‍ശ ചെയ്തു.
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി എം.ബി.എ. വിദ്യാര്‍ഥിനിയില്‍ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ജീവനക്കാരി പിടിയിലായത്. ഈ സംഭവത്തില്‍ സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കേറ്റ് സമിതിയുടെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്. പരാതിക്കാരിയുടെ മൊഴി ഓണ്‍ലൈനായാണ് സമിതി രേഖപ്പെടുത്തിയത്.
ഇതിനിടെ, എല്‍സിയുടെ യോഗ്യത സംബന്ധിച്ചും നിയമനം സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരുന്നു. 2010 ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പോലും പാസായിരുന്നില്ല. എന്നാല്‍ 2016 ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.
കൈക്കൂലി കേസില്‍ സര്‍വകലാശാലയിലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറെയുമാണ് സ്ഥലം മാറ്റിയത്.