സംസ്ഥാനത്തെ അവഹേളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്. യോഗി ഭയക്കും പോലെ യുപി കേരളമായാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടില്ല. യുപിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും, ആരോഗ്യ മേഖലയുടെ നിലവാരം ഉയരും. സാമൂഹ്യ ക്ഷേമം ജീവിത നിലവാരം മെച്ചപ്പെടും. പ്രധാനമായി യോജിപ്പുള്ള സമൂഹം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്. യു.പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകും, കാശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാല്‍ മികച്ച സംസ്കാരവുമുണ്ടാകും എന്ന് ട്വിറ്ററില്‍ കുറിച്ചു കൊണ്ടാണ് തരൂര്‍ യോഗിക്ക് മറുപടി നല്‍കിയത്.
നേരത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ ഉത്തര്‍പ്രദേശ് കേരളമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പിനിടെയാണ് യോഗിയുടെ വിവാദ പരാമര്‍ശം. കേരളമോ കശ്മീരോ ബംഗാളോ പോലെയാകും ഉത്തര്‍പ്രദേശെന്നാണ് യോഗിയുടെ പരാമര്‍ശം. വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ്.
നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന് സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.