കേരളം കണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യത്തിന് വിജയകരമായ പര്യവസാനം. മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് മലമുകളിലെത്തിച്ചു. 46 മണിക്കൂറിന് ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. കരസേനയുടെ രണ്ട് സംഘവും ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.
രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര് ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് മുറുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്..മലമുകളില്‍ നിന്ന് എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടനെത്തും. യുവാവിനെ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കും.
കരസേനാംഗം കയറിലൂടെ ഇറങ്ങിയാണ് 46 മണിക്കൂറിന് ശേഷം ഭക്ഷണവും വെള്ളവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് ബാബുവിന് നല്‍കിയത്. ഇന്നലെ ഡ്രോണ്‍ വഴിയും ഹെലികോപ്റ്റര്‍ സഹായത്തോടെയും ഭക്ഷണവും വെള്ളവും നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.