പാര്‍ട്ടി-സര്‍ക്കാര്‍ പദവികളില്‍ സീനിയര്‍ നേതാക്കളെ പൂര്‍ണ്ണമായി ഒഴിവാക്കി ജൂനിയേഴ്സിനെ തിരുകി കയറ്റുന്ന എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തം. കൂടുതല്‍ നേതാക്കള്‍ ചാക്കോയുടെ ‘സ്വേച്ഛാധിപത്യ ശൈലിയിലുള്ള പ്രവര്‍ത്തന ശൈലിക്കെതിരെ രംഗത്തുവന്നു. സംഘടനാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയും മാര്‍ച്ച് 31-നകം പൂര്‍ത്തീകരിക്കുകയും ചെയ്യുമ്പോഴും പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളെ ‘തിടുക്കത്തില്‍’ നിയമിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെ പൂര്‍ണ്ണമായി അവഗണിച്ചാണ് വിവിധ കോര്‍പ്പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഇതേ ചൊല്ലിയും പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തുകയാണ് പഴയ എന്‍സിപി വിഭാഗം. അതേ സമയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടിപി പീതാംബരന് മാസ്റ്ററുടെ നിലപാടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ചാക്കോയുടെ ഇടപെടല്‍ എല്‍ഡിഎഫിന് തലവേദനയാവുകയാണെന്ന് പ്രമുഖ എന്‍സിപി നേതാവ് പറഞ്ഞു.
ഇതിനിടെ സംസ്ഥാനത്തെ പാര്‍ട്ടി കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നതതല സമിതിയില്‍ നിന്ന് ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ്കുട്ടി, ജോസ്മോന്, വര്‍ക്കല രവികുമാര്‍ എന്നിവരെ ഒഴിവാക്കിയതിനെതിരെ പരാതിയുമായി സംസ്ഥാനത്തെ ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ പവാറിനെ സമീപിച്ചു. എന്നാല്‍ ഇതിനായി വിളിച്ചുചേര്‍ത്ത രണ്ടു ചര്‍ച്ചകളും മാറ്റിവച്ചു. എന്‍സിപി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ഗോവ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. ഇനി തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചര്‍ച്ച.
അടുത്തിടെ എന്‍സിപിയില്‍ ചേരുകയും വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയായി ഉയര്‍ത്തപ്പെടുകയും ചെയ്ത ഒരു വനിതാ നേതാവിന് പാര്‍ട്ടിക്ക് അനുവദിച്ച പിഎസ്സി അംഗത്വം ‘വിറ്റ’ ആരോപണത്തിലും ചാക്കോ വിവാദം സൃഷ്ടിച്ചിരുന്നു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് പദവി നല്‍കിയതെന്നാരോപിച്ച് എന്‍സിപി നേതാക്കള്‍ രംഗത്തെത്തി. എന്‍സിപി നേതാക്കളുടെ പരാതിയെ തുടര്‍ന്ന് എല്‍ഡിഎഫ് നിയമനം മരവിപ്പിച്ചിരുന്നു.
പാര്‍ട്ടിയിലേക്ക് പുതുമുഖങ്ങളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനാണ് ചാക്കോ ശ്രമിക്കുന്നതെന്ന് ചാക്കോയെ എതിര്‍ക്കുന്ന നേതാക്കള്‍ ആരോപിക്കുന്നു. ഒരു കാരണവുമില്ലാതെയാണ് മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സര്‍ക്കാര്‍ സമിതിയായ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫില്‍ അംഗമായി ശ്രുതി ഹരിദാസിനെ നിയമിച്ചതാണ് ഈ പരമ്പരയിലെ ഏറ്റവും പുതിയത്.
അടൂര്‍ ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാബുഖാനെ മാറ്റി പുതിയ ആളെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വീണ്ടും വിവാദം ഉടലെടുത്തത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ചാക്കോ പാര്‍ട്ടി നിയമനങ്ങള്‍ നടത്തുകയാണ്. ഈ കാലയളവില്‍ പുതിയ നിയമനങ്ങള്‍ പാടില്ല. മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട തസ്തികകളിലുള്ളവരെ മാറ്റാന്‍ സംസ്ഥാന കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ. ചാക്കോ ചുമതലയേറ്റ ശേഷം 11 ജില്ലാ പ്രസിഡന്റുമാരെ മാറ്റി, അതില്‍ എട്ടുപേരെ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാറ്റി.