എലിപ്പനി മാരകമായ ഒരു രോഗമാണ്. രോഗപ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കുന്നതും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടുന്നതും രോഗം ഗുരുതരമായി മരണം സംഭവിക്കുന്നതു തടയും.
കഴിഞ്ഞ വര്‍ഷം 429 സംശയിക്കുന്ന എലിപ്പനി കേസുകളും 219 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 32 സംശയിക്കുന്ന എലിപ്പനി മരണങ്ങളും 8 സ്ഥിരീകരിച്ച എലിപ്പനി മരണങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഇതേവരെ 16 സംശയിക്കുന്ന എലിപ്പനി കേസുകളും 27 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 2 സംശയിക്കുന്ന മരണങ്ങളുമാണു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. എലിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകുമെന്നതിനാല്‍ എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലുള്ളവര്‍ മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാല്‍ എലിപ്പനി സംശയിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.
എലിപ്പനി എങ്ങനെ പകരാം?
എലി, കന്നുകാലികള്‍ തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്കു കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.
കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷി പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, മലിനമായ മണ്ണുമായും, വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. കട്ടി കൂടിയ റബ്ബര്‍ കാലുറകളും കയ്യുറകളും ധരിച്ചു മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നതു വരെ ഇത്തരം ജോലികള്‍ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. മാത്രമല്ല ഇവര്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടുകയും എലിപ്പനിയല്ല എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കി യഥാസമയം ചികിത്സ തേടുന്നതു രോഗനിര്‍ണയത്തിനും മരണങ്ങള് തടയുന്നതിനും സഹായിക്കും.
പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡിന്റെ മാത്രമല്ല എലിപ്പനിയുടെയും കൂടി ലക്ഷണങ്ങളായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.വി.ജയശ്രീ അറിയിച്ചു.