നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഒരു താരപ്രചാരകന് കൂടി പാര്‍ട്ടി വിടാനൊരുങ്ങുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരാന്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 അംഗ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് പുറത്തു പോവുന്ന രണ്ടാമത്തെ നേതാവാകും രാജ് ബബ്ബാര്‍. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്.പി.എന്‍ സിങ് രണ്ടു ദിവസം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. താരപ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് ആര്.പി.എന്‍ സിങ് പാര്‍ട്ടി വിട്ടത്.
2009 നവംബറില്‍ നടന്ന ഫിറോസാബാദ് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. 2014, 2019 തെരഞ്ഞെടുപ്പുകളില്‍ ഗാസിയാബാദ്, ഫത്തേപൂര്‍ സിക്രി മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയോട് പരാജയപ്പെട്ടു.
2015 മാര്‍ച്ച് മുതല്‍ 2020 നവംബര്‍ വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. 2016 മുതല്‍ 2019 വരെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ചിരുന്ന ആളാണ് രാജ് ബബ്ബാര്‍.