മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച ഹര്‍ജികള്‍ ഇതേ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ആ കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷമേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തിമവാദം കേള്‍ക്കുകയുള്ളുവെന്ന് കോടതി നേരത്തെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ കേസില്‍ കോടതി പരിഗണിച്ച് തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ കക്ഷികളുടെ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് സമവായത്തിലെത്തണമെന്നും, ഏതെല്ലാം വിഷയങ്ങളിലാണ് തര്‍ക്കമെന്ന് അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന് ചെയ്യണം എന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ നേരത്തെ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. മേല്‍നോട്ട സമിതിയെ സമീപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്കി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേല്‍നോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രിംകോടതി വ്യക്തമാക്കി.