കളത്തില്‍ വെടിക്കെട്ടിന്റെ മാലപ്പടക്കങ്ങള്‍ക്ക് തിരി കൊളുത്തിയ രണ്ട് ഇതിഹാസങ്ങള്‍ ഇത്തണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനില്ല. ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സും വിന്‍ഡീസിന്റെ ക്രിസ് ഗെയിലുമാണ് കുട്ടിക്കളത്തില് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നത്.
14 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ് എന്നീ ടീമുകള്‍ക്കു വേണ്ടി ഗെയില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. യൂണിവേഴ്സല്‍ ബോസ് എന്നാണ് ആരാധകര്‍ വിന്‍ഡീസ് താരത്തെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ഡിവില്ലിയേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്നു. ഡല്‍ഹി കാപിറ്റല്‍സിനു വേണ്ടിയും രാജസ്ഥാന് റോയല്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഐപിഎല്‍ 2021 സീസണിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിമരിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
142 മത്സരങ്ങളില്‍ നിന്ന് 4965 റണ്‍സാണ് ഗെയില്‍ അടിച്ചു കൂട്ടിയിട്ടുള്ളത്. ഇതില്‍ ആറു സെഞ്ച്വറിയുണ്ട്. പണം വാരി ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ചതും (357) ഗെയിലാണ്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറും ഗെയിലിന്റെ പേരില്‍ത്തന്നെ. 2013ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് പൂനെ വാരിയേഴ്സിനെതിരെ നേടിയ 175 റണ്‍സ്.
2011ല്‍ അഞ്ചു കോടി മുടക്കിയാണ് ഡിവില്ലിയേഴ്സ് ബാംഗ്ലൂരിലെത്തിയത്. ഇതിനു ശേഷം ടീം താരത്തെ കൈവിട്ടിട്ടില്ല. 175 മത്സരങ്ങളില്‍ നിന്ന് 41.08 ശരാശരിയില്‍ 5053 റണ്‍സ് നേടിയിട്ടുണ്ട്.
ഇവര്‍ക്ക് പുറമേ, ഇംഗ്ലിഷ് താരങ്ങളായ ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സാം കറണ്‍, ക്രിസ് വോക്സ് തുടങ്ങിയവരും ഇത്തവണ ലേലപ്പട്ടികയിലില്ല. ആകെ 1214 കളിക്കാരാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫെബ്രുവരി 12, 13 തിയ്യതികളില്‍ ബംഗളൂരുവിലാണ് ലേലം.