സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണ തര്‍ക്കത്തില്‍ സമരം കടുപ്പിച്ച് അങ്കമാലി അതിരൂപത വൈദികര്‍. പള്ളികളില്‍ ഇന്ന് ജനാഭിമുഖ കുര്‍ബാന നടത്തും. പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യത്തിലുറച്ച് മരണം വേരെ നിരാഹാരം തുടരുമെന്ന് വൈദികര്‍ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കാതെ സിനഡ് മൗനം തുടരുകയാണ്.
ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ലഭിച്ച താല്കാലിക അനുമതി സ്ഥിരമാക്കണമെന്നാവശ്യപ്പെട്ടാണ് അതിരുപതയിലെ വൈദികര്‍ നിരാഹാര സമരം നടത്തുന്നത്. അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തില്‍ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളന്‍ചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്.
സിനഡ് ഇളവ് നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് അതിരൂപതയിലെ പുരോഹിതരുടെ തീരുമാനം. ഇന്ന് സിനഡ് യോഗത്തിലെ വിവരങ്ങള്‍ ലഭിച്ച ശേഷമാകും തുടര്‍ സമര പരിപാടികളെകുറിച്ച് പുരോഹിതര്‍ അന്തിമ തീരുമാനമെടുക്കുക.
അതേസമയം കുര്‍ബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാര്‍ സഭയ്ക്കുള്ളില്‍ വീണ്ടും ഭിന്നത. ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ സിനഡില്‍ അടിച്ചമര്‍ത്തിയെന്ന ആരോപണമുയര്‍ത്തി വൈദികര്‍ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമര്‍ത്തുകയാണെന്നാണ് വൈദികരുടെ ആരോപണം.