തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തില്‍ കര്‍ശന നടപടിയുമായി പൊലിസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 1251 കരുതല്‍ നടപടി. തിരുവനന്തപുരം പരിധിയില്‍ നടത്തിയത് 1200 റെയ്ഡുകള്‍. ലഹരി മരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 68. തുടര്‍ച്ചയായി തലസ്ഥാനത്ത് ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം ആലപ്പുഴ കൊലപാതകത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ജില്ലാ അടിസ്ഥാനത്തിലാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിജെപി- എസ്ഡിപിഐ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കുന്നത്.പട്ടിക തയ്യാറാക്കി ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. ജാമ്യത്തില്‍ കഴിയുന്ന പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.