ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഡാറ്റ, വാലിഡിറ്റി പാക്കുകള്‍ക്ക് ഒറ്റയടിക്ക് വിലകൂട്ടിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഒരു കിടിലന്‍ ഡാറ്റ പാക്ക് അവതരിപ്പിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ ജിയോ. ജിയോ അവതരിപ്പിച്ച ഡാറ്റ പാക്കിന്റെ വില വെറും ഒരു രൂപയാണ്. 30 ദിവസത്തെ വാലിഡിറ്റിയില്‍ 100 എം.ബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാന്‍ പ്രകാരം ലഭിക്കുക.
വരുമാനം കുറഞ്ഞ പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ഒരു രൂപാ പാക്കിനെ, ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ റീച്ചാര്‍ജ് പാക്കായാണ് ബിസിനസ് ഇന്‍സൈഡര്‍ വിശേഷിപ്പിക്കുന്നത്. ജിയോ ആപ്പില്‍ Recharge വിഭാഗത്തില്‍ Value എന്ന ബട്ടനു കീഴില്‍ Other Plans എന്ന പേരിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശക്തമായ കിടമത്സരം നിലനില്‍ക്കുന്ന മൊബൈല്‍ വിപണിയില്‍ എതിരാളികളായ വോഡഫോണ്‍- ഐഡിയ (വി.ഐ), എയര്‍ടെല്‍ എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയാണ് ഒരു രൂപ പ്ലാനിലൂടെ ജിയോ നല്‍കിയിരിക്കുന്നത്. നിലവില്‍ 1 ജി.ബി ഡാറ്റയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കും (15 രൂപ) ജിയോയുടേതാണ്. വി.ഐ 19 രൂപയ്ക്ക് 24 മണിക്കൂര്‍ വാലിഡിറ്റിയോടെ 1 ജി.ബി ഡാറ്റ നല്കുമ്പോള്, പ്രത്യേക വാലിഡിറ്റി ഇല്ലാതെയാണ് ആക്ടീവ് പ്ലാനിനൊപ്പം ജിയോ 15 രൂപയ്ക്ക് 1 ജി.ബി നല്‍കുന്നത്.
കഴിഞ്ഞ മാസാവസാനം വരെ 101 രൂപയ്ക്ക് 12 ജി.ബി നല്‍കിയിരുന്ന ജിയോ ഇപ്പോള്‍ അതിന് 121 രൂപ ഈടാക്കുന്നുണ്ട്. 118 രൂപയ്ക്ക് വി.ഐ 28 ദിവസത്തെ വാലിഡിറ്റി സഹിതം 12 ജി.ബി നല്കുമ്പോള് വാലിഡിറ്റി ഇല്ലാതെ ഇതേ തുകയ്ക്ക് എയര്‍ടെലും 12 ജി.ബി നല്‍കുന്നുണ്ട്.