കോവിഡ് അനന്തരം ചില ട്രെയിനുകളില്‍ നാമമാത്രമായി ജനറല്‍ കോച്ചുകള്‍ പുനരാവിഷ്കരിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ് അണ് റിസേര്‍വ്ഡ് കമ്പാര്‍ട്ട് മെന്റില്‍ വീര്‍പ്പുമുട്ടുകയാണ് യാത്രക്കാര്‍. സിംഹഭാഗം ജനറല്‍ കോച്ചുകളായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന വഞ്ചിനാട്, വേണാട്, ഇന്റര്‍സിറ്റി എക്സ്പ്രസ്സുകളില്‍ കടുത്ത ദുരിതമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.
മണിക്കൂറുകള്‍ നിന്ന് യാത്ര ചെയ്താണ് ഇപ്പോള്‍ പലരും ഓഫീസില്‍ എത്തിച്ചേരുന്നത്. പുലര്‍ച്ചെയുള്ള വഞ്ചിനാട് കോട്ടയം എത്തുമ്പോഴേ സീറ്റുകള്‍ കഴിഞ്ഞിരിക്കും. ശേഷം ചവിട്ടുപടിയിലും ടോയ്ലറ്റ് ഇടനാഴിയിലും മൂന്നരമണിക്കൂറിലധികം നിന്ന് തിരിയാന്‍ പോലും കഴിയാതെ കഷ്ടപ്പെടുന്ന യാത്രക്കാരുടെ മുറവിളികള്‍ റെയില്‍വേ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിക്കുന്നു. റെയില്‍വേ ഇത്രയും കാലം സ്വീകരിച്ച സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പൊള്ളയായ ലാഭം മുന്‍ നിര്‍ത്തിയുള്ള കപട നാടകമായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. ഒമിക്രോണ്‍ പോലുള്ള കോവിഡ് വകഭേദങ്ങളില്‍ ലോകരാജ്യങ്ങള്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കുമ്പോള്‍ കുത്തി നിറച്ച കോപ്പകളില്‍ ഇന്ത്യന്‍ റെയില്‍വേ തുഗ്ലക്ക് പരിഷകാരവും വാഗണ്‍ ട്രാജഡി അനുസ്മരിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും മൗനം പാലിക്കുന്നത് ഖേദകരമാണ്.
കോവിഡിന് മുമ്പ് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാത്തതും മലബാര്‍, മാവേലി, ശബരി, പോലെ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തതുമാണ് അണ് റിസേര്‍വ്ഡ് ട്രെയിനുകളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. നൂറുശതമാനം ജനറല്‍ കൊച്ചുകളായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സില്‍ ഇപ്പോള്‍ ഒരു കോച്ച് പോലും അണ് റിസേര്‍വ്ഡ് അനുവദിച്ചിട്ടില്ല. അത്യാവശ്യ സമയങ്ങളില്‍ രാത്രി യാത്ര ചെയ്യേണ്ടി വരുന്നവരില്‍ നിന്ന് യാത്രാക്കൂലിയുടെ ഇരട്ടിയും അതിലേറെയും പിഴയായി ഈടാക്കിയാണ് റെയില്‍വേ ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്.
കോവിഡിനെ മുന്നില്‍ നിര്‍ത്തി യാത്രക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി റെയില്‍വേ വെട്ടി ചുരുക്കുകയായിരുന്നു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇളവുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. സീസണ് യാത്രകള്‍ പേരിലൊതുക്കി. പാസഞ്ചര്‍ സര്‍വീസുകള്‍ നാലിലൊന്നായി. പാസഞ്ചര്‍ നിരക്കുകള്‍ ഒഴിവാക്കി പകരം എക്സ്പ്രസ്സ് നിരക്കുകള്‍ കര്‍ശനമാക്കി. ഹാള്‍ട്ട് സ്റ്റേഷനുകളടക്കം പല സ്റ്റേഷനും റെയില്‍വേ മാപ്പില്‍ നിന്ന് പാടേ മായിച്ചു കളഞ്ഞു. ഓഫീസ് സമയങ്ങളെ ഒഴിവാക്കി പുതിയ സമയപരിഷ്കരണം നടപ്പാക്കി. സാധാരണക്കാരന് ഏറെ ആശ്രയിച്ചിരുന്ന സെക്കന്റ് സിറ്റിംഗില്‍ റിസര്‍വേഷന്‍ നിലനിര്‍ത്താന്‍ തന്നെയാണ് റെയില്‍വേയുടെ തീരുമാനം. ശരിക്കും റെയില്‍വേ കോവിഡിനെ മുതലാക്കുകയായിരുന്നു.
സീസണ് ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരോട് ചിറ്റമ്മ നയമാണ് റെയില്‍വേ എന്നും സ്വീകരിച്ചുവരുന്നത് . സ്ഥിരയാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകളെ ആശാസ്ത്രീയമായി പിടിച്ചിട്ട് ചരക്ക് വണ്ടികളെയും ബൈ വീക്കിലി എക്സ്പ്രസ്സുകളെയും കടത്തി വിടുന്നത് പതിവ് സംഭവമാണ്. പടിപടിയായി യാത്രക്കാരെ റെയില്‍വേയില്‍ നിന്ന് അകറ്റാനും അതുവഴി റെയില്‍വേ എളുപ്പത്തില്‍ സ്വകാര്യ വത്കരിക്കാനുമുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടപ്പാക്കുന്നതുമെന്നുള്ള സംശയം ബലപ്പെടുകയാണ്
ലോക്കോ പൈലറ്റിന്റെ ആഭാവമാണ് പാസഞ്ചര്‍ സര്‍വീസുകള്‍ വൈകാന്‍ കാരണമായി റെയില്‍വേ ചൂണ്ടിക്കാണിക്കുന്നത്. ഒഴിവുകള്‍ നികത്താന്‍ റെയില്‍വേയുടെ ഭാഗത്തു നിന്നും യാതൊരു ശ്രമവും നടക്കുന്നില്ല. പരിചയ സമ്പന്നര്‍ക്ക് പ്രൊമോഷനടക്കമുള്ള ആനുകൂല്യങ്ങളും നിരാകരിക്കുന്ന വാര്‍ത്തകളും ഉയരുന്നുണ്ട്. പല കോച്ചുകളും യാര്‍ഡുകളില്‍ കിടന്നു നശിക്കുകയാണ്. ചെന്നൈ റീജിയണില്‍ ഓടി പഴകിയ ട്രെയിനുകളാണ് പലപ്പോഴും കേരളത്തിന് ലഭിക്കുകയെന്നത് മറ്റൊരു നഗ്ന സത്യമാണ്
തമിഴ്നാട്ടില്‍ നിന്നും ലോറികളില്‍ കുത്തി നിറച്ച് കേരളത്തിലേയ്ക്ക് അയക്കുന്ന അറവുമാടുകള്‍ക്ക് പോത്തുകച്ചവടക്കാര്‍ നല്കുന്ന സുരക്ഷിതത്വം പോലും റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്നില്ല. ഇനിയും റെയില്‍വേ യാത്രക്കാരോട് മനുഷ്യത്വ പരമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിതരാകുമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ റെയില്‍വേ ഭരണഘടന വിഭാവനം ചെയ്യുന്ന ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിന് തടസ്സം നില്ക്കുന്ന തീരുമാനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.