നെല്സന് പനയ്ക്കല്‍
മൂവാറ്റുപുഴ: പായിപ്രയില്‍ അധികൃതരുടെ ഒത്താശ്ശയോടെ നാല്‍പ്പതേക്കറോളം വരുന്ന എള്ളുമല ഭൂമാഫിയ ഇടിച്ചുനിരത്തി. സംഭവത്തെകുറിച്ച് അറിയില്ലെന്ന വകുപ്പു മേധാവികളുടെ മറുപടി ഉദ്യോഗസ്ഥ ഭൂ മാഫിയ ബന്ധത്തിന് തെളിവാകുന്നു. കുന്നത്തുനാട് ,മൂവാറ്റുപുഴ താലൂക്കുകളിലെ മുളവൂര്‍ അശമന്നൂര്‍ വില്ലേജുകളിലായിട്ടാണ് എള്ളുമല വ്യാപിച്ചുകിടക്കുന്നത്.
മൈനിംഗ് ആന്റ് ജിയോളജി, റവന്യൂ, പൊലീസ്, തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൂറ്റന്‍ മല ഇടിച്ചു നിരത്തിയത് പായിപ്രയിലെ മാഫിയ സംഘത്തിന് രാഷ്ട്രീയ നേതാക്കളുടെ ഒത്താശ്ശയും ഉണ്ട്.. ഏക്കറുകണക്കിന് മല ഇടിച്ചു നിരത്തിയിട്ടും ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല.
പാരസ്ഥീതീക പ്രശ്നങ്ങള്‍ കാരണം കുന്നിടിക്കലും മണ്ണെടുപ്പ് നിര്‍ത്തിവക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഭൂമാഫിയ് മണ്ണിടിക്കല്‍ തുടര്‍ന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ നാട്ടുകാരെ വെല്ലുവിളിച്ചാണ് ഇവിടെ ആഴ്ചകളോളമായി കുന്നിടിക്കലും മണ്ണുകടത്തലും തുടര്‍ന്നത്. ഈസമയമൊന്നും ഇവിടേക്ക് ആരും തന്നെ തിരിഞ്ഞ് നോക്കിയില്ല. രണ്ടു സെന്റില്‍ വീടുവക്കാനനുമതി നല്‍കാത്ത വകുപ്പു മേധാവികളാണ് നാല്പ്പതേക്കര് കുന്നിടിക്കാന് കുടപിടിച്ചത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിചിത്ര നിലപാടും മറുപടിയുമിങ്ങനെ..⇓
ഒരാഴ്ചയോളമായി തുടരുന്ന മലയിടിച്ചുനിരത്തലിനെകുറിച്ച് വിവരം അറിഞ്ഞില്ലെന്നാണ് മൈനിംഗ് ആന്റ് ജിയോളജി, റവന്യു , പൊലീസ് , പഞ്ചായത്ത് വകുപ്പുകളിലെ ഉത്തരവാതിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ആര്.സുകുമാരന്‍ പറഞ്ഞു. ജില്ല ജിയോളജിസ്റ്റിനോട് വിവരം തിരക്കിയപ്പോള്‍ ഫയല്‍ നോക്കിയാലെ വിവരം പറയാനാകുവെന്ന മറുപടിയാണ് നല്‍കിയത്. മുളവൂര്‍ വില്ലേജ് ഓഫീസര്‍ മല ഇടിച്ചുനിരത്താന്‍ പെര്‍മിറ്റ് ഉണ്ടെന്നാണ് അറിയുന്നതെന്ന മറുപടിയാണ് നല്‍കിയത്.
പരാതിയുമായി സിപിഎം
വകുപ്പുകളുടെ മൗനാനുവാദമാണ് പരസ്യമായി കുന്നുകള്‍ ഇടിച്ചുനിരത്തുവാന്‍ ഭൂമാഫിക്ക് ധൈര്യം പകരുന്നത് അതുകൊണ്ട് തന്നെ ഇതേകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഒരുനാടിനെ മുഴുവന്‍ പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുന്ന നടപടികള്‍ക്ക് ആര് അനുമതി നല്‍കിയെന്ന് അന്വേഷണത്തിന് വിധേയമാക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയസംഘത്തെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഇടിച്ചുനിരത്തിയ മല അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാരിലേക്ക് അടക്കേണ്ട പിഴയടപ്പിക്കുകയും ചെയ്യണം. ഭൂമാഫിയ സംഘത്തിന്റെ മയിടിക്കല് നടപടിയെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ,കളക്ടര്‍ , റവന്യൂസെക്രട്ടറി , ആര്.ഡി.ഒ എന്നിവര്‍ക്ക് പരാതിനല്‍കുമെന്നും ലോക്കല്‍ സെക്രട്ടറി ആര്.സുകുമാരന്‍ അറിയിച്ചു. എള്ളുമല സി.പി.എം നേതാക്കളായ ആര്.സുകുമാരന്‍, ബ്രാഞ്ച് സെക്രട്ടറി വി.എച്ച്. ഷെഫീക്ക് , പി.എം.ബാബു, പി.എസ്.ബഷീര്‍, പി.കെ. റോബി എന്നവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചു.