മോനിപ്പള്ളിയിലുള്ള മുതിർന്ന പൗരനായ ശശശിധരൻ നായർക്കാണ് ഉഴവൂർ പഞ്ചായത്തിന്റെ നിരുത്തരവാദിത്വവും അവഗണയും മൂലം ലക്ഷങ്ങൾ മുതൽ മുടക്കി ബാങ്ക് വായ്പയിന്മേൽ പണിതുയർത്തിയ മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്സ്ന്റെ പണി നിർത്തി വയ്ക്കേണ്ടി വന്നത്. മോനിപ്പള്ളി എം സി റോഡ് സൈഡിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപം മൂന്നു സെന്റിൽ അല്പം താഴെ പഞ്ചായത്ത് അംഗീകരിച്ചു തന്ന പ്ലാൻ കർശനമായി പാലിച്ചു കെട്ടിടം പണി തുടങ്ങി. മൂന്നു നിലക്കാണ് അംഗീകാരം. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി രണ്ടു മാസം കൊണ്ട് മൂന്നാം നില വാർത്തു.
പണി ഏതാണ്ട് പൂർത്തിയാകുന്ന ഘട്ടത്തിൽ പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്സ്നു സമീപം താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ പരാതിയിന്മേൽ പഞ്ചായത്തിന്റെ അധികൃതർ വന്നു പരിശോധിക്കുകയും എന്തെങ്കിലും പാകപ്പിഴകൾ പണിയിൽ ഉണ്ടായിട്ടുള്ളതായി ഉടമസ്ഥനായ ശശിധരൻ നായരോടോ കരാറുകാരനോടോ പറഞ്ഞിട്ടില്ല. സ്വകാര്യ വ്യക്തിയുടെ
പരാതി കിട്ടിയതനുസരിച്ചു കൂടുതൽ അന്വേഷണത്തിനു വേണ്ടി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തത്കാലം നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നോട്ടീസ് പഞ്ചായത്ത് കൊടുക്കുകയും ആയതിനാൽ പണികൾ നിർത്തിവെച്ചു പഞ്ചായത്തിൽ അറിയിക്കുകയും ചെയ്തു.
പല പ്രാവശ്യം പഞ്ചായത്ത് ഓഫീസിൽ ചെന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനോട് അന്വേഷിച്ചിട്ടും വ്യക്തമായ മറുപടി നൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ല. ബന്ധപ്പെട്ട പലരെയും കണ്ടു കാര്യങ്ങൾ തിരക്കിയെങ്കിലും പണിയിലുള്ള അപാകത എന്താണെന്നു ഇതുവരെ പറഞ്ഞിട്ടില്ല. പഞ്ചായത്ത് അധികാരികൾ തന്ന മറുപടിയിൽ ചില അപാകതകൾ ഉണ്ടെന്നും അതൊന്നും സ്ഥിതീകരണം ഇല്ലാത്തതാണെന്നും പറഞ്ഞിരിക്കുന്നു. നാലു മാസത്തോളമായി പണി നിർത്തിവച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരെ പലവട്ടം സമീപിച്ചിട്ടും സ്വീകാര്യമായ ഒരു നടപടി ഉണ്ടായില്ല.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും സാമ്പത്തിക സഹായം എടുത്തു പണിതതിന്റെ പേരിൽ വൻ പലിശ ആയികൊണ്ടിരിക്കുന്ന അവസ്ഥയിൽ ശശിധരൻ നായർ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പരാതി കൊടുത്ത വ്യക്തിയോട് പിൻവലിച്ചു സ്റ്റേ നീക്കിത്തരണമെന്ന് അഭ്യർദ്ധിച്ചപ്പോൾ കൈ മലർത്തി കാണിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ – ഉദ്ധ്യോഗസ്ഥ കൂട്ടുകെട്ടിൽ അഴിമതി ഭാഗമാണ് സ്റ്റോപ്പ് മെമ്മോ എന്നാണ് ആരോപണം, ഈ നടപടിക്കെതിരെ സർക്കാർ ഉന്നത തല അന്വേഷണം ആവശ്യമാണ്. വ്യവസായ സൗഹൃദ കേരളം എന്ന് നാഴികയ്ക്ക് നാലുവട്ടം കവല പ്രസംഗം നടത്തുന്ന രാഷ്ട്രീയ നേതൃത്വം കണ്ണ് തുറക്കട്ടെ. ഉദ്യോഗസ്ഥരുടെ ഈ ധാർഷ്യട്യത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു.