തിരുവനന്തപുരം: പിണറായി വിജയന്റെ സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുന്ന ഏജന്‍സിയായി അധപതിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. പത്തനംത്തിട്ട ജില്ലയിലെ കോട്ടാങ്ങലില്‍ ഇസ്ലാമിക തീവ്രവാദികളായ പോപ്പുലര്‍ ഫ്രണ്ട് സെന്റ് ജോര്‍ജ് സ്കൂളിലെ അന്യമതക്കാരായ കുട്ടികളെ തടഞ്ഞുനിര്‍ത്തി നെഞ്ചില്‍ ബലമായി ഞാന്‍ ബാബര്‍ എന്ന ബാഡ്ജ് പതിപ്പിച്ചത് വര്‍ഗീയ കലാപത്തിനുള്ള കോപ്പുകൂട്ടലാണ്. കുട്ടികളെ പോലും തീവ്രവാദത്തിന് ഇരയാക്കുന്ന രീതിയിലേക്ക് ഇസ്ലാമിക തീവ്രവാദികള്‍ മാറിയിട്ടും സര്‍ക്കാര്‍ അവര്‍ക്ക് ഓശാന പാടുകയാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കൊച്ചുകുട്ടികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. കേരളം മറ്റൊരു സിറിയയായി മാറി കൊണ്ടിരിക്കുകയാണ്. ഇത് താലിബാനിസമാണ്. ഇതിനോട് ബിജെപി കൈയ്യുംകെട്ടി നോക്കിയിരിക്കില്ല. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ സഹായത്തോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. ഇതിന്റെ പ്രത്യുപകാരമാണ് പിണറായി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് ചെയ്യുന്നത്. സിപിഎമ്മും എസ്ഡിപിഐയും ഒരുമിച്ച് വന്നാല്‍ അവിടെ താലിബാനിസം നടക്കും എന്നതിന്റെ ഉദ്ദാഹരണമാണ് കോട്ടാങ്ങല്‍. എസ്ഡിപിഐ സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തരായ ഘടകകക്ഷിയായി മാറുന്ന സാഹചര്യം വിദൂരമല്ല.
ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് അങ്ങിങ്ങോളം ഇവര്‍ തമ്മില്‍ അപ്രഖ്യാപിത സഖ്യമാണുള്ളതെന്നും സുധീര്‍ പറഞ്ഞു. ഹലാല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തീവ്രവാദികളെ പ്രീണിപ്പിക്കുന്നതാണ്. വാക്സിന് എടുക്കാത്ത അദ്ധ്യാപകരുടെ പേര് പുറത്ത് വിടുമെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മൗനത്തിലായതിന് കാരണം ഇസ്ലാമിക തീവ്രവാദികളോടുള്ള വിധേയത്വമാണ്. വാക്സിന് എടുക്കാത്തത് മതതീവ്രവാദികളാണ്. അവരെ സംരക്ഷിക്കുന്നതാവട്ടെ കേരള സര്‍ക്കാരും. സമൂഹത്തിന് ഭീഷണിയാവുന്നവരെ വോട്ട്ബാങ്കിന് വേണ്ടി സംരക്ഷിക്കുകയാണ് സിപിഎം നേതൃത്വം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. നാണമുണ്ടെങ്കില്‍ ശിവന്‍കുട്ടി രാജിവെക്കണെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.