ഐതിഹാസികമായ കര്‍ഷക സമരത്തിന് ഇന്ന് ഒരു വയസ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ തുടങ്ങിയ സമരമാണ് പിന്നീട് രാജ്യമാകെ കത്തിപ്പടര്‍ന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ സമരവാര്‍ഷികം ആഘോഷമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. രാജ്യമൊട്ടാകെ റാലികള്‍ സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 26നായിരുന്നു ഡല്‍ഹി ചലോ മാര്‍ച്ചും നിലവില്‍ തുടരുന്ന ഉപരോധവും ആരംഭിച്ചത്.
ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ എത്തിയിട്ടുണ്ട്. സിംഘു, തിക്രി, ഗാസിപ്പൂര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ വാര്‍ഷിക പരിപാടികള്‍ നടക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. റായ്പൂരിലും റാഞ്ചിയിലും ട്രാക്ടര്‍ റാലി നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ ദേശീയപാതകള്‍ ഉപരോധിക്കാനും തീരുമാനമുണ്ട്.
വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും മിനിമം താങ്ങുവില ഉള്‍പ്പെടെ ആറ് ആവശ്യങ്ങളില്‍ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കൃഷി ചെലവിന്റെ ഒന്നര ഇരട്ടി വരുമാനം കര്ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥന് കമ്മിഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കര്‍ഷകരുടെ ആറ് ആവശ്യങ്ങള്‍ കാണിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ മറുപടി കൂടി പരിഗണിച്ചാകും കര്‍ഷക സമരം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നാളെ സിംഗുവില്‍ ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ നിലവിലെ സാഹചര്യവും വിലയിരുത്തും. കഴിഞ്ഞ വര്‍ഷം നവംബര്‍ 26നായിരുന്നു വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ‘ഡല്‍ഹി ചലോ’ മാര്‍ച്ചുമായി അതിര്‍ത്തികളിലെത്തിയത്.