മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സിഐ സി എല്‍ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായി. യുവതി ഭര്‍ത്താവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചപ്പോള്‍ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സിഐ സിഎല്‍ സുധീറിനെതിരെ കോണ്‍ഗ്രസിന്റെ സമരം തുടരുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് സിഐ ആയ സിഎല്‍ സുധീറിനെതിരെ കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാന് സമരത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാര്‍ പറയുന്നു. സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് പറയുന്നു.
അതേസമയം ആലുവ സിഐ സിഎല്‍ സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടണമെന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീന്റെ ഉമ്മ ഫാരിസ പറഞ്ഞിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്ന് വളരെ മോശമായ അനുഭവമാണ് മകള്‍ക്ക് ഉണ്ടായതെന്നും അതുകൊണ്ടാണ് അവള് ജീവനൊടുക്കിയതെന്നും ഉമ്മ പറഞ്ഞു.