മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് എസ് പി ഓഫീസിന് സമീപം തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
സി ഐക്കെതിരെ ഇതുവരെ നടപടിയെടുക്കത്ത പക്ഷം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വൈകാരിക പ്രകടനങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ അത് തടയാന്‍ നില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ആലുവ എസ്പി ഓഫീസിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ഇനിയൊരു പ്രകോപനം ഉണ്ടായാല്‍ ലാത്തി ചാര്‍ജിലേക്ക് പൊലീസ് കടന്നേക്കും. ആലുവ നഗരത്തില്‍ ഇതിനു മുന്‍പ് ഇത്രയധികം പൊലീസുകാരെ വിന്യസിച്ചുള്ള പ്രതിഷേധം നടന്നിട്ടില്ല. നിലവില്‍ പ്രതിഷേധം തുടരുകയാണ്.
അതേസമയം മോഫിയ പര്‍വീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് സി ഐ ക്ക് അനുകൂലമായിരുന്നു. സിഐ സി എല്‍ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ് പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായി. യുവതി ഭര്‍ത്താവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചപ്പോള്‍ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.