ആലുവയില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതിനു ശേഷം ജീവനൊടുക്കിയ മോഫിയ പര്‍വീന്റെ വിവാഹം കഴിഞ്ഞത് 8 മാസങ്ങള്‍ക്ക് മുന്‍പ്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.
ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. എന്നാല്‍, നിക്കാഹെങ്കിലും നടത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് അത് നടത്തി. ഡിസംബറില്‍ ആഘോഷമായി വിവാഹം നടത്താമെന്നായിരുന്നു തീരുമാനം. നിക്കാഹിനു ശേഷം ഭര്‍തൃ വീട്ടുകാര്‍ ഇടക്കിടെ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. രണ്ട് മൂന്ന് ദിവസം താമസിപ്പിച്ചതിനു ശേഷം കുട്ടിയെ തിരിച്ചയക്കും.
പിന്നീട്, ഭര്‍ത്താവ് മുഹ്സിന് രാത്രി അശ്ലീല സിനിമകള്‍ കാണുന്നത് കുട്ടി മനസ്സിലാക്കി. സ്ത്രീധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികവുമായി കുട്ടിയെ ഇവര്‍ ഉപദ്രവിക്കുമായിരുന്നു. ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞത്. കഴിഞ്ഞ ഒക്ടോബര്‍ 28ന് മുഹ്സിന് ആലുവ പള്ളിയില്‍ തലാഖ് നോട്ടീസ് നല്കി. അതില്‍ ഞങ്ങള്‍ സഹകരിച്ചില്ല. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്.
മധ്യസ്ഥ ചര്‍ച്ചയില്‍ സിഐ വളരെ മോശമായാണ് സംസാരിച്ചത്. വീട്ടിലെത്തി അല്പസമയം ഒറ്റക്കിരിക്കട്ടെ എന്നു പറഞ്ഞ് മുറിയില്‍ കയറി വാതിലടച്ചു. ഇടക്കിടെ വാതിലില്‍ മുട്ടിയപ്പോള്‍ അവള് മൂളുന്നുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന് പറഞ്ഞു.
അതേസമയം പരാതി നല്കുമ്പോള് പ്രതികളെ വിളിച്ചിരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തലല്ല പൊലീസ് ചെയ്യേണ്ടതെന്ന് മോഫിയ പര്‍വീന്റെ ബന്ധു വിമര്‍ശിച്ചു. മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞെത്തിയ കുട്ടി വളരെ അസ്വസ്ഥയായിരുന്നു എന്നും അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞു.
കുട്ടി വരുന്ന വഴിയെല്ലാം കരയുകയായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്. കുട്ടി സ്ത്രീധന നിരോധന നിയമ പ്രകാരമാണ് പരാതി നല്‍കിയത്. ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് സീനിയര്‍ കൗണ്‍സില്‍ വിധിയെഴുതിയ, പിരിഞ്ഞിരിക്കുന്ന രണ്ട് പേരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യുന്ന ഈ പ്രവണത, കോടതിയോ, കുടുംബകോടതിയോ, കൗണ്‍സിലറോ എങ്കിലും തീരുമാനിക്കേണ്ട വ്യവസ്ഥ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യണം.
സിഐ ഇവരെ വിളിച്ചു വരുത്തി മധ്യസ്ഥ ശ്രമം നടത്തുന്നത് തന്നെ തെറ്റാണ്. കുട്ടിയ പ്രകോപിതയാക്കുന്ന സംഭാഷണങ്ങള്‍ നടന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി നിയമ വിദ്യാര്‍ത്ഥിനിയാണ്. അവള്‍ക്ക് നിയമം അറിയാം. കേസെടുത്ത് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരികയായിരുന്നു വേണ്ടത്. തന്റെ സാന്നിധ്യത്തില്‍ ഇത് തീരുമെന്ന് കരുതലല്ല പൊലീസ് ചെയ്യേണ്ടത്. ഭര്‍തൃപീഡന പരാതിയില്‍ പൊലീസ് ഒരു നടപടിയും എടുത്തില്ല. ആത്മഹത്യക്ക് ശേഷം പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനു മുന്‍പ് നടത്തിയ പരിശോധനയില്‍ കത്ത് കണ്ടെത്തി. കത്ത് എല്ലാവരും കേള്‍ക്കുന്ന രീതിയില്‍ വായിച്ചിട്ടേ ഞങ്ങള്‍ പോകൂ എന്ന് ഡിവൈഎസ്പി പറഞ്ഞു. അദ്ദേഹം അത് ചെയ്തു. ഇന്‍ക്വസ്റ്റില്‍ കത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.