ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റായലചെരുവു ജലസംഭരണിയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ജലസംഭരണി അപകടാവസ്ഥയിലാണെന്നും സമീപ പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
മണ്ണിടിഞ്ഞാണ് ഡാമിന് വിള്ളലുണ്ടായിരുക്കന്നത്. ഡാമിന് 500 വര്‍ഷത്തെ പഴക്കമുണ്ട്. ഡാമിന് വിള്ളലുണ്ടെന്ന് പ്രദേശ വാസികള്‍ സംശയം അറിയിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. വിള്ളല്‍ അടച്ചെങ്കിലും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കി വിടുന്ന മേഖലകളിലെ 20 ഗ്രാമങ്ങളെ ഒഴിപ്പിച്ചു. വീടുകളിലെ അവശ്യ വസ്തുക്കളും രേഖകളും കൈവശം വെച്ച് മാറണമെന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം.
ദുരന്തമുണ്ടായാല്‍ നേരിടുന്നതിനായി മൂന്ന് വ്യോമസേനാ ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. വിള്ളല്‍ അടച്ചെങ്കിലും പഴക്കം ചെന്ന അണക്കെട്ടായതിനാല് തന്നെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ ഹരിനാരായണന് അറിയിച്ചു. തിരുമലയില്‍ നിന്ന് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ സ്വര്‍ണമുഖീനദി കരകവിഞ്ഞതാണ് അണക്കെട്ടുകള്‍ നിറയാന്‍ കാരണമായത്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 29 ആയി. കനത്ത മഴയെ തുടര്‍ന്ന അനന്തപുരിലുള്ള പപ്പാഗ്നി പാലം തകര്‍ന്നു. കടപ്പയെയും അനന്തപുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണിത്. മഴയും വെള്ളപ്പൊക്കവും മൂലം കഴിഞ്ഞ രണ്ടുദിവസമായി ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത് ആളപായം ഒഴിവാക്കി.