കര്‍ഷക സമരം പിന്‍വലിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും.
അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിച്ച ശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില കൂടാതെ മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്ന് രാകേഷ് ടിക്കയത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമെന്ന് അഖിലേന്ത്യ കിസാന്‍ സഭ. കര്‍ഷകരെ ചൂഷണം ചെയ്തവരും കൂട്ടു നിന്നവരും മുട്ടുകുത്തി. നിയമങ്ങള്‍ക്കൊപ്പം കര്‍ഷകരോടുള്ള നയവും മാറണം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കിസാന്‍ സഭ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. സമരത്തിനിടെ ജീവന് നഷ്ടപ്പെട്ടവരുടെ ത്യാഗം എന്നും നിലനില്‍ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. സ്വന്തം ജീവന് പോലും ബലിയര്‍പ്പിച്ച് കര്‍ഷകര്‍ നേടിയത് വരും തലമുറ ഓര്‍ത്തുവെയ്ക്കുമെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു. ജനീകയ സമരത്തിന്റെ വിജയമെന്നായിരുന്നു കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം പറഞ്ഞു.
ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക പ്രഖ്യാപനം.