കൊച്ചിയില്‍ അപകടത്തില്‍ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാന് ഡ്രൈവര്‍ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടര്‍ന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നും മൊഴി. ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെ ഷൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴയില്‍ പറയുന്നു. നവംബര്‍ ഒന്നിനാണ് ഹാന്‍ഡ് ഡിസ്ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാന്‍ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി. അപകട വിവരം അറിയിക്കാന്‍ വിളിച്ച ഡ്രൈവറോട് ആശുപത്രിയില്‍ തുടരാന്‍ റോയ് നിര്‍ദേശിച്ചെന്നും മൊഴിയില്‍ വ്യക്തമാകുന്നു.
അതേസമയം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് എക്സൈസ്. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എക്സൈസ് കമ്മിഷന് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളില്‍ ഒന്നായ ഡിവിആര്‍ കായലില്‍ കളഞ്ഞെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചിരുന്നു. രണ്ട് ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ മരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആന്‍സി കബീറിന്റെ കുടുബം രംഗത്തെത്തിയിരുന്നു.