താമരശ്ശേരിയില്‍ വളര്‍ത്തു നായകളുടെ ആക്രമണത്തില്‍ നിന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെ ആണ് കേസ്. നായ്ക്കളുടെ ഉടമസ്ഥന് റോഷന് നല്കിയ പരാതിയെ തുടര്‍ന്നാണ് താമരശ്ശേരി പൊലീസ് കേസ് എടുത്തത്. സംഭവത്തില്‍ നായ്ക്കളുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിരുന്നു. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.
താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം നടന്നത്. പ്രദേശ വായിയായ ഫൗസിയക്കാണ് കടിയേറ്റത്. വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന് റോഷന്റെ വളര്‍ത്തു നായയാണ് ദേശീയ പാതയില്‍ വെച്ച് ഫൗസിയയെ ക്രൂരമായി ആക്രമിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഫൗസിയയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ ഓടിക്കൂടിയിട്ടും നായ്ക്കള്‍ കടിവിട്ടിരുന്നില്ല.
മദ്റസയില്‍ പോയ കുട്ടിയെ കൂട്ടാന്‍ എത്തിയതായിരുന്നു യുവതി. റോഡില്‍ ഫൗസിയയെ തള്ളിയിട്ട ശേഷം ദേഹമാസകലം നായകള്‍ കടിച്ചു. ഓടി കൂടിയ നാട്ടുകാരാണ് നായയെ പിന്തിരിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയിരുന്നു.
ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് പരാതി. നായയുടെ അക്രമം തുടര്‍ക്കഥയായത് കാരണം നാട്ടുകാര്‍ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.