മുവാറ്റുപുഴ: വാക്സിനേഷന് സെന്ററില്‍ കേരള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചെയ്തു വന്നിരുന്ന ഫസ്റ്റ് വാക്സിനേഷന് ഓഫീസര്‍ ഡ്യൂട്ടി അവസാനിപ്പിച്ചു. ഇന്ത്യയില്‍ വാക്സിനേഷന് ആരംഭിച്ച 2021 ജനുവരി 21 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഡിഫന്‍സ് അംഗങ്ങള്‍ സേവന രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ ഒമ്പത് മാസക്കാലം തുടര്‍ച്ചയായി മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ വാക്സിനേഷന് സെന്ററിലായിരുന്നു കേരള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സേവനം ചെയ്തു വന്നിരുന്നത്.
ഒമ്പത് മാസ കാലത്തിനിടയില്‍ 142 ദിവസങ്ങളിലായി സേന അംഗങ്ങള്‍ സേവനം അനുഷ്ഠിക്കുകയും അതുവഴി ഏകദേശം 35000 ഓളം പേര്‍ക്ക് വാക്സിനേഷന് നല്‍കിയതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. മുവാറ്റുപുഴ നഗരസഭ പ്രദേശത്ത് സ്ഥിര തമാസക്കാരായവരിലെ വാക്സിനേഷന് 100% പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ആണ് സിവില്‍ ഡിഫന്‍സ് സേന അംഗങ്ങള്‍ സേവനം അവസാനിപ്പിക്കുന്നത്.
കേരള അഗ്നിരക്ഷാ വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സില്‍ ഒരു നിലയത്തിന് കിഴില്‍ 50 പേര് അടങ്ങുന്ന യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ അഗ്നിരക്ഷാ സേനാംഗങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ വാക്സിനേഷന് സെന്ററില്‍ ഫസ്റ്റ് വാക്സിനേഷന് ഓഫീസര്‍ ഡ്യൂട്ടിക്ക് ചുമതല ഏല്‍പ്പിക്കുന്നത്.
അതിനോടൊപ്പം വാക്സിനേഷന് സെന്ററില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്ന ജോലിയും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തന്നെയാണ് നടത്തിയിരുന്നത്.
മുവാറ്റുപുഴ അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ ടി.കെ. സുരേഷിന്റെയും, സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍ FRO(D) സി.എ. നിഷാദിന്റെയും നേതൃത്വത്തില്‍ പോസ്റ്റ് വാര്ഡന് രഞ്ജിത് പി.ആര്, ഡെപ്യൂട്ടി പോസ്റ്റ് വാര്ഡന് നിതിന്‍ എസ് നായര്‍ എന്നിവരടങ്ങുന്ന 30 ഓളം പേര് ആണ് സേവനം അനുഷ്ഠിച്ചത്.